ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ പെരുമ്പാടിക്കു സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ച് കൊട്ടിയൂർ തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബംഗളൂരു സ്വദേശി മരിച്ചു.
ബംഗളൂരു എസ്ആർ നഗറിലെ താമസക്കാരനായ രോഹിത് (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ വീരാജ്പേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30തോടെ മാക്കൂട്ടം ചുരത്തിൽ പെരുമ്പാടി പോലീസ് ചെക്ക്പോസ്റ്റിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായിരുന്നു അപകടം. കൊട്ടിയൂർ ദർശനം കഴിഞ്ഞ് മൂന്നു സുഹൃത്തുക്കൾക്കൊപ്പം ബംഗളൂരുവിലേക്കു തിരിച്ചു പോകുന്നതിനിടെ കുടകിൽ ചെങ്കല്ലിറക്കി തിരികെ കൂട്ടുപുഴയിലേക്കു വരികയായിരുന്ന മിനി ലോറിയുമായി ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രോഹിത് സംഭവസ്ഥലത്തു തന്നെ മരിച്ചു.